Tuesday 27 February 2018

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി - ടി. പത്മനാഭന്‍


വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരത്തിലൊന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോള്‍ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാള്‍ മുതല്‍ക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ ചെറുപ്പത്തില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓര്‍മവെച്ച നാള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി ജീവിതത്തിന്റെ ദുര്‍ഗമങ്ങളായ വഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?
ഇല്ല !
എങ്കിലും ഈ പഴയ നഗരത്തിലേക്കു തിരിച്ചു വരുമ്പോഴോക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു ലഭിക്കാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ഞാന്‍ വിട്ടുപിരിഞ്ഞ എന്റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്കുതോന്നുന്നു.
ഇവിടത്തെ ഓരോ മണല്‍ത്തരിയും എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് .ഇവിടെ വച്ചാണ് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഒരു പുതിയ മനുഷ്യനായതും .
മറയാന്‍പോകുന്ന സൂര്യന്റെ രശ്മികള്‍ കാറ്റാടിയുടെ തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോള്‍ ആളുകള്‍ കടല്‍ക്കരയില്‍നിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവരിലധികവും പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനു മുന്‍പേ വീട്ടിലെത്തണമെന്ന നിര്‍ബന്ധത്തോടെയാണ് അവര്‍ നടന്നിരുന്നത്. കഴുത്തില്‍ മഫ്ലര്‍ ചുറ്റിക്കെട്ടി വലിയ ചൂരല്‍വടികള്‍ ചുഴറ്റിക്കൊണ്ട് അവര്‍ എന്നെ കടന്നുപോയി. ചെറുപ്പക്കാര്‍ക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല. കൈകോര്‍ത്തുപിടിച്ചും, തോളോടുതോളുരുമ്മിയും അവര്‍ പതുക്കെ നടന്നകന്നപ്പോള്‍ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവര്‍ക്കുള്ളൂവെന്ന് എനിക്കുതോന്നി.
അവരാരുംതന്നെ എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാന്‍ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കുറെ മുമ്പായിരുന്നുവെങ്കില്‍ ഞാന്‍ അവരെ നോക്കി അസൂയപ്പെട്ടേനെ. ഒരു നെടുവീര്‍പ്പോടെ പറഞ്ഞുവെന്നും വരും :
"
ആഹ്ലാദിക്കാന്‍ മാത്രം പിറന്ന ഭാഗ്യശാലികള്‍!"
ആഹ്ലാദം !
എനിക്കു ചിരിവരുന്നു.

കാരണമുണ്ട്. എനിക്കറിയാം അവരില്‍ വലിയൊരു ഭാഗം ആഹ്ലാദിക്കുവാന്‍ കഴിയാത്തവരാണെന്ന്. കൃത്രിമമായ ഒരാവരണമണിഞ്ഞുകൊണ്ട് അവര്‍ എവിടെക്കോ ഒഴുകിപ്പോവുകയാണ്. ആത്മവഞ്ചനയുടെ ഏതു വൈതരണിയിലേക്കോ! ഒന്നിനോടും ബന്ധം സ്ഥാപിക്കാന്‍ അവര്‍ക്കു കഴിയുകയുമില്ല.
മനുഷ്യന്റെ കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളെക്കുറിച്ചു ഞാനാലോചിച്ചു. പണ്ടും പലപ്പോഴും അങ്ങനെ ആലോചിച്ചിട്ടുണ്ട്. എങ്കിലും അന്നൊന്നും അവ അഴിച്ചുനീക്കുവാന്‍ കഴിയുന്ന കുരുക്കുകളാണെന്നു മനസ്സിലായിരുന്നില്ല.
പക്ഷെ, ഇന്നെനിക്കു മനസ്സിലായോ?
ഞാന്‍ സ്വയം ചോദിച്ചു.
എന്റെ സ്വന്തം കുരുക്കുകള്‍ ഞാന്‍ അഴിച്ചുനീക്കിക്കഴിഞ്ഞുവോ?
ഹൃദയത്തിലെ പഴയ മുറിവ് വീണ്ടും പൊട്ടി ചോര കിനിയുവാന്‍ തുടങ്ങി. എന്റെ മനസ്സ് അസ്വസ്ഥമാവുകയാണ്.
അപ്പോള്‍- അപ്പോഴാണ്‌ ആ ശബ്ദംകേട്ടത്. ആരോ പൊട്ടിച്ചിരിക്കുന്നു. ഞാന്‍ തിരിഞ്ഞു നോക്കി. പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടി! ഞാന്‍ അദ്ഭുതപ്പെട്ടില്ല! അവളെ ഞാന്‍ എപ്പോഴും എവിടെയും പ്രതീക്ഷിക്കാറുണ്ട്. ഇരുട്ടു നിറഞ്ഞുകിടന്നിരുന്ന എന്റെ ജീവിതത്തില്‍ ഒരു കൊള്ളിമീനിനെപ്പോലെ അവള്‍ പെട്ടെന്നു മിന്നിമായുകയാണ്. മായാത്ത രോദനമായി അവള്‍ അവശേഷിക്കുകയും ചെയ്തു എന്റെ ആത്മാവില്‍, എന്നുതന്നെ പറയട്ടെ അവളെ ഞാന്‍ വീണ്ടും കാണുകയാണ്.
എന്റെ ശരീരത്തിലെ ഓരോ അണുവും ത്രസിച്ചു. അവളുടെകൂടെ അവളുടെ അനുജത്തിയും അനുജനുമുണ്ടായിരുന്നു.രണ്ടുപേരെയും കൂട്ടി പൂഴിവിരിച്ച നടപ്പാതയിലൂടെ അവള്‍ നടന്നുവരികയാണ്. പാവാടയ്ക്കു പുറമെ റെയിന്‍ബോ ജെറ്റിന്റെ ഒരു ദാവണികൂടി അവള്‍ ചുറ്റിയിരുന്നു. അവള്‍ അല്പം വലുതായിട്ടുണ്ട്. ആ പയ്യന്‍ ചരടില്‍ കെട്ടിയ ഒരു തകരവിമാനം ഉറക്കെ കറക്കിക്കൊണ്ടിരിക്കുന്നു.
എന്തോ പറഞ്ഞ് അവള്‍ ഉറക്കെ ചിരിച്ചു. വല്ല തമാശയുമായിരിക്കാം. അവരുടെ ലോകത്തില്‍ തമാശക്കുമാത്രമേ സ്ഥാനമുള്ളൂ.
എന്റെ മുമ്പിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ അവളെ നല്ലപോലെ കണ്ടു. വിശുദ്ധിയുടെ കണ്ണാടിയായിരുന്നു ആ മുഖം. അതങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.
സന്ധ്യയുടെ നേരിയ വെളിച്ചത്തില്‍ ആ മരച്ചുവട്ടില്‍ ഒരു ശിലാപ്രതിമപോലെ ഇരിക്കുന്ന എന്നെ കാണുമ്പോള്‍ അവള്‍ ഭയപ്പെട്ടുപോകുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നെ അവള്‍ നോക്കുമെന്ന് എനിക്കു നല്ല ഉറപ്പുണ്ടായിരുന്നു. പ്രത്യേകിച്ച് കാരണമുണ്ടായിട്ടൊന്നുമല്ല. അവള്‍ എന്നെ നോക്കും, അത്രതന്നെ!
ഞാന്‍ കാത്തുനില്‍ക്കുകയായിരുന്നു.എന്റെ പ്രതീക്ഷ ശരിയായി. അവള്‍ എന്നെ നോക്കി. ഭയം കൊണ്ടു ചൂളിപ്പോകുന്നതിനു പകരം ആ കുട്ടി പുഞ്ചിരിച്ചു. അവള്‍ പേടിച്ചില്ല. എന്തിനാണ് പേടിക്കുന്നത്? ഞാനുമൊരു മനുഷ്യനല്ലേ? പക്ഷെ, എത്രപേരതറിയുന്നുണ്ട്? സ്വതവേ മനോഹരമായ ആ മുഖം അപ്പോള്‍ കൂടുതല്‍ മനോഹരമായി. എന്തുകൊണ്ടോ എന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അതിര്‍കവിഞ്ഞ ആനന്ദം നിമിത്തമായിരിക്കാം.
അവള്‍ക്കെന്നെ മനസ്സിലായോ, എന്തോ?
കണ്ണില്‍നിന്നു മറയുന്നതുവരെ ഞാന്‍ അവളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
കാറ്റാടിയുടെ ചില്ലകളുടെ ഇടയിലൂടെ ചൂളംവിളിക്കുന്ന കാറ്റും കോട്ടയുടെ പാറക്കെട്ടില്‍ വന്നിടിക്കുന്ന തിരയും ആ പെണ്‍കുട്ടിയുടെ പൊട്ടിച്ചിരി ആവര്‍ത്തിക്കുകയാണെന്ന് എനിക്കു തോന്നി. അന്തിച്ചുകപ്പ് പൂര്‍ണമായി മായുകയും ആകാശത്തിന്റെ കോണില്‍ ഏതാനും നക്ഷത്രങ്ങള്‍ തെളിയുകയും ചെയ്തു. ഞാന്‍ അവിടെനിന്നെഴുന്നേറ്റില്ല. മഞ്ഞണിഞ്ഞ പര്‍വതത്തിന്റെ ചരിവില്‍ ധ്യാനലീനനായിരിക്കുന്ന ഒരു യോഗിയെപ്പോലെ ഞാന്‍ ഈ മരച്ചുവട്ടില്‍ ഇരുന്നു. ഈറന്‍ പിടിച്ച അന്തരീക്ഷം; ഇരുട്ട്; എങ്ങും വിങ്ങിനില്ക്കുന്ന മൂകത. കടല്‍ പോലും തെല്ലടങ്ങിയിരിക്കുകയാണ് .
ആ പെണ്‍കുട്ടിയെ ആദ്യമായി കണ്ടുമുട്ടിയ ദിവസം ഞാനോര്‍ത്തു.
നിഗൂഢമായ ഒരുദ്ദേശം ഹൃദയത്തിലൊളിച്ചുവെച്ചുകൊണ്ട് ഇവിടത്തെ തെരുവുകളിലൂടെ ഞാന്‍ അലയുകയായിരുന്നു. എന്നെ സ്നേഹിച്ചിരുന്ന ഏതാനും ചിലരെ രാവിലെത്തന്നെ ചെന്നുകണ്ടു. ഒരു തരത്തിലുള്ള മുന്നറിയിപ്പുമുണ്ടായിരുന്നില്ല. എന്റെ പെരുമാറ്റം അവരെ അമ്പരപ്പിച്ചുവെന്നു തോന്നുന്നു. അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: "വെറുതെ കണ്ടുപോകാന്‍ വന്നതാണ്. ഒരുപക്ഷെ , അടുത്തൊന്നും ഇങ്ങോട്ടുവരാന്‍ തരപ്പെട്ടുവെന്നു വരില്ല".
എന്റെ ശബ്ദം അപ്പോള്‍ ഇടറിയിരിക്കണം. എങ്കിലും ഞാന്‍ പറഞ്ഞത് അവര്‍ വിശ്വസിച്ചു. ഒരിടത്തും സ്ഥിരമായി നില്‍ക്കുന്നവനല്ല ഞാനെന്ന് അവര്‍ക്കറിയാം.
നടന്ന വഴിയിലൂടെ തന്നെ വീണ്ടും നടന്നു. അമ്പലത്തിന്റെയും പള്ളിയുടെയും മുന്‍പിലൂടെ പോയി. മൈതാനത്തില്‍ കുറേനേരം ചെന്നിരുന്നു. അവിടെനിന്നെഴുന്നേറ്റ് വീണ്ടും ചുറ്റുവാന്‍ തുടങ്ങി. ഒരു മുക്കും മൂലയും ഒഴിച്ചുവെച്ചില്ല,എല്ലായിടത്തും ചെന്നു.
ഒടുവില്‍ തിയേറ്ററിന്റെ മുന്നിലെത്തി. അവിടെ അല്പനേരം വെറുതെ നിന്നപ്പോള്‍ തോന്നി-എന്തുകൊണ്ട് സിനിമ കണ്ടുകൂടാ? സിനിമ ഞാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. എന്തിന് അങ്ങനെ സിനിമയെക്കുറിച്ചു മാത്രമായി പറയുന്നു? ഈ ലോകത്തിലുള്ള സുന്ദരങ്ങളായ എല്ലാ വസ്തുക്കളും എനിക്കിഷ്ടമായിരുന്നുവല്ലോ.
സന്ധ്യയോടുകൂടി കളി അവസാനിക്കും. അതിനുശേഷം വേണ്ടത്ര സമയമുണ്ട്. എവിടെ വേണമെങ്കിലും പോകാം. കീശയില്‍ പണമുണ്ട്. ഹോട്ടലില്‍ മുറിയെടുക്കുന്നതിന് ഒരു മുടക്കവുമില്ല. വേണമെങ്കില്‍ ഞാന്‍ താമസിക്കുന്നേടത്തേക്കു തന്നെ തിരിച്ചുപോകാം. അവിടെ എന്റെ കിടക്കയില്‍ സുഖമായി കിടന്നതിനുശേഷം.....
ഞാന്‍ വിഷം കുടിച്ചു മരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു.

എങ്ങനെയാണ് അത്തരത്തിലുള്ള ഒരു തീരുമാനത്തിലെതിത്തിയത് എന്നതിനെക്കുറിച്ചു ഒന്നുംതന്നെ പറയുവാന്‍ എനിക്ക് കഴിയുകയില്ല. എന്റെ ജീവിതത്തില്‍ പിന്നിട്ട ഓരോ നിമിഷവും ഉല്‍ക്കടമായ വിഷാദവും നിരാശയും നിറഞ്ഞതായിരുന്നു.എന്നെ നശിപ്പിക്കുവാന്‍ തക്കംപാര്‍ത്തിരിക്കുന്നവരാണ് ഞാന്‍ കണ്ടുമുട്ടുന്ന ഓരോരുത്തരും എന്നായിരുന്നു എന്റെ വിശ്വാസം. അതിനാല്‍ ഞാന്‍ എല്ലാവരെയും വെറുക്കുകയും ഭയപ്പെടുകയും ചെയ്തു. സംശയത്തിന്റെ പടര്‍ന്നുകത്തുന്ന ഒരു പന്തം ഹൃദയത്തില്‍ സദാ ആളിക്കൊണ്ടിരുന്നു.
എങ്കിലും കുറച്ചുപേരെ എല്ലാം മറന്നു സ്നേഹിക്കുകയുണ്ടായി.
അവര്‍ക്കും എന്നെ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.
ജീവിതം ദുസ്സഹമായിത്തീര്‍ന്നു.
എന്റെ ബാല്യം ആനന്ദം നിറഞ്ഞ ഒരു സ്വപ്നം പോലെ കഴിഞ്ഞ ഒന്നായിരുന്നില്ല. അന്നേ തുടങ്ങിയിരുന്നു ആ വീര്‍പ്പുമുട്ടല്‍.
ഒടുവില്‍ സഹിച്ചിരിക്കുവാന്‍ അല്പംപോലും കഴിയുകയില്ല എന്ന ഘട്ടം വന്നപ്പോള്‍ ആത്മഹത്യ ചെയ്യുവാനുറച്ചു. മരണത്തോടുകൂടി ഏതു വേദനയാണ് അവസാനിക്കാത്തത്?
അന്ന്, വിഷം നിറച്ച ഒരു കുപ്പിയുമായി തിയേറ്ററില്‍ ചെന്നിരുന്നപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: "നീ മരിക്കണം; എന്നാലേ നിനക്ക് സുഖവും സ്വാതന്ത്ര്യവും ലഭിക്കുകയുള്ളൂ!"
ഏറ്റവും പിറകിലുള്ള സീറ്റിലായിരുന്നു ഞാനിരുന്നത്. 'മാറ്റിനി'യായതിനാല്‍ ആളുകള്‍ കുറവായിരുന്നു. ഞാനതില്‍ സന്തോഷിച്ചു. ഒരലട്ടും കൂടാതെ പടം കാണാമല്ലോ.
കളി തുടങ്ങാറായപ്പോഴേക്കും ഒരു പെണ്‍കുട്ടിയും അവളുടെ പിന്നാലെ രണ്ടു ചെറിയ കുട്ടികളും കടന്നുവന്നു. അവര്‍ വന്നതുതന്നെ വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടായിരുന്നു. സാധാരണ കുട്ടികളില്‍ കാണാറുള്ള ഉത്കണ്ഠയോ പരിഭ്രമമോ ഒന്നുംതന്നെ അവരില്‍ കണ്ടില്ല.
ആ പെണ്‍കുട്ടി ഒരു മൂളിപ്പാട്ട് പാടി തിയേറ്റര്‍ മുഴുവന്‍ അലക്ഷ്യമായി കണ്ണോടിച്ചു.
അപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു: "ദൈവമേ, ആ കുട്ടികളെ എന്റെ അടുക്കലേക്കയക്കരുതേ! ഈ അവസാന നിമിഷങ്ങളില്‍ ഞാനനുഭവിക്കുന്ന സമാധാനം അവര്‍ കെടുത്തും. ഈ തിയേറ്ററില്‍ വേണ്ടത്ര സ്ഥലമുണ്ട്. എവിടെയെങ്കിലും പോയി അവരിരിക്കട്ടെ.ഇവിടെ മാത്രം വേണ്ട."
ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കേ അവള്‍ എന്റെ അരികിലായി വന്നിരുന്നു. അവളുടെ പിന്നാലെ ആ രണ്ടു ചെറിയ കുട്ടികളും.
ഞാന്‍ അങ്ങോട്ട് നോക്കിയതേയില്ല.
എന്നെ ബുദ്ധിമുട്ടിക്കുവാനല്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ എന്റെ അടുക്കല്‍ത്തന്നെ വന്നിരുന്നു?
ആ പെണ്‍കുട്ടി തന്റെ അനുജത്തിയോടും അനുജനോടും 'കലപില'എന്ന് തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ സംസാരിക്കുവാന്‍ തുടങ്ങി. വലിയ ധൃതിയിലായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് നിര്‍ത്തി, ഏതെങ്കിലുമൊരു പാട്ടിന്റെ രണ്ടുവരി മൂളൂന്നതിലും അവള്‍ വലിയ മിടുക്കു കാണിച്ചു. ഇടയ്ക്കിടെ, ഒരു കാട്ടുചോല പാറക്കെട്ടില്‍ ചെന്നിടിച്ചു ചിന്നിച്ചിതറുന്നപോലെ, പൊട്ടിച്ചിരിക്കുകയും ചെയ്തു.
സിനിമയാരംഭിച്ചു.
ടെക്‌സാസിലെ വിശാലമായ പുല്‍മൈതാനങ്ങളിലൊന്നില്‍ തങ്ങള്‍ സ്നേഹിക്കുന്ന പെണ്ണിനുവേണ്ടി ചോര ചീന്തുവാന്‍ രണ്ടു ചെറുപ്പക്കാര്‍ തയ്യാറായി നില്‍ക്കുകയാണ്.
വെടിപൊട്ടുന്നു; മനുഷ്യന്‍ പിടഞ്ഞുവീഴുന്നു; കുതിരകള്‍ പായുന്നു; ആയിരക്കണക്കിലുള്ള പശുക്കളെ ശത്രുക്കള്‍ തെളിച്ചു കൊണ്ടുപോകുന്നു....
എന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടിയും അപ്പോള്‍ ടെക്‌സാസിലെ ഒരു ഗോശാലയിലായിരുന്നു. അവള്‍ക്ക് സ്വസ്ഥത തീരെയുണ്ടായിരുന്നില്ല. ഒരു കുതിര മറിഞ്ഞുവീണപ്പോള്‍ ഉള്ളില്‍ തട്ടിയ വ്യസനത്തോടെ അവള്‍ പറഞ്ഞു: "പാവം!".
ഡേവിഡ് ഫാരറുടെ ബീഭത്സമായ മുഖം ക്ലോസപ്പില്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞുപോയി: "ആയ് !".
അങ്ങനെ പറഞ്ഞ് അവള്‍ സീറ്റിന്റെ പിറകിലേക്കു വലിഞ്ഞു.

ഏതോ ഒരക്രമിയുടെ കൈക്ക് വെടികൊണ്ടപ്പോള്‍ അവള്‍ എന്നെകൂടി പിടിച്ചുകുലുക്കി.
"
സബാഷ്! അങ്ങനെ വേണം, അല്ലെ? "
യാതൊരു സ്തോഭവും പ്രകടിപ്പിക്കാതെ തിരശ്ശീലയിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍.
എനിക്കാശ്ചര്യം തോന്നി, ചൈതന്യത്തിന്റെ ഒരു സ്ഫുലിംഗമാണ് ആ പെണ്‍കുട്ടി!
ആ കുട്ടിയുടെ നേരെയുണ്ടായിരുന്ന നീരസം പതുക്കെപ്പതുക്കെ നീങ്ങിപ്പോയി.
അവള്‍ കൈക്ക് പിടിച്ചു ചോദിച്ചു: "നിങ്ങള്‍ എനിക്കിതിന്റെ കഥ പറഞ്ഞുതരുമോ?"

ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, അവളുടെ മൂക്കുത്തിയിലെ വൈരംപോലെ തന്നെ അവളുടെ മുഖവും തിളങ്ങുന്നു!

"
പറയൂ, എനിക്ക് പറഞ്ഞുതരില്ലേ? എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാനിക്കൊല്ലം ആറാംക്ലാസ്സിലായിട്ടേയുള്ളൂ ".

അപ്പോള്‍ എനിക്കുണ്ടായ സന്തോഷം! ആദ്യമായാണ് ഒരു കുട്ടി എന്നോട് അത്ര സ്നേഹത്തോടും സ്വാതന്ത്ര്യത്തോടുംകൂടി ഒരു കാര്യമാവശ്യപ്പെടുന്നത്. ഞാനിട്ടിരിക്കുന്ന കുപ്പായം വിലകുറഞ്ഞതും കീറിയതുമായിരുന്നു. ഞാന്‍ മുടി ചീകിയിട്ടില്ല. ഷേവ് ചെയ്തിട്ടുമില്ല. എന്നിട്ടും, ഒരിംഗ്ളീഷ് സിനിമയുടെ കഥ പറഞ്ഞുകൊടുക്കുവാനുള്ള കഴിവ് എനിക്കുണ്ടെന്ന് ആ പെണ്‍കുട്ടിക്ക് തോന്നിയല്ലോ.

ഒരിക്കല്‍ അമ്മയുടെ കൂടെ ആസ്പത്രിയില്‍ പോയപ്പോള്‍ ഒരു നഴ്‍സ് ചോദിച്ചത് ഞാനോര്‍ത്തു.
"
മകനാണ്, അല്ലെ?"
'
അമ്മ പറഞ്ഞു: "അതെ."
"
ബീഡിപ്പണിയായിരിക്കും അല്ലെ?"
അമ്മയ്ക്കെന്തെങ്കിലും പറയുവാന്‍ കഴിയുന്നതിനു മുന്‍പ് ഞാന്‍ പറഞ്ഞു: "അതെ."
പക്ഷെ, ആ നഴ്‍സ് പ്രായം ചെന്നവളായിരുന്നു.

എന്റെ അരികില്‍ എന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടിരിക്കുന്നത് ഒരു കൊച്ചു പെണ്‍കുട്ടിയാണ് ! എന്നും സൂര്യപ്രകാശവും പനിനീര്‍പ്പൂക്കളുമുള്ള ഒരു ലോകത്തിലാണ് അവള്‍ ജീവിക്കുന്നത്. അവിടെ ഇരുട്ടുമൂടി, മുള്ളുനിറഞ്ഞു കിടക്കുന്ന മൂലകളേയില്ല!

ഞാനവള്‍ക്ക് കഥ പറഞ്ഞുകൊടുത്തു.

കളി പകുതി കഴിഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കുവാന്‍വേണ്ടി അവള്‍ മനോഹരമായ ഒരു പാട്ടുപാടി. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു:

"
ജാരി, ജാരി....."
പാട്ടു അസ്സലായെന്നു പറഞ്ഞപ്പോള്‍ അവള്‍ പറയുകയുണ്ടായി: "അച്ഛനും എന്റെ പാട്ടു വലിയ ഇഷ്ടമാണ്."
അനുജന്റെ കീശയില്‍നിന്ന് ഒരു ചോക്കലേറ്റ് പാക്കറ്റെടുത്ത് അവള്‍ പൊളിച്ചു. എനിക്കും തന്നു.
മരിക്കാന്‍പോകുന്ന എനിക്കാണ് അവള്‍ ചോക്കലേറ്റ് സല്‍ക്കരിക്കുന്നതെന്നോര്‍ത്തപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഞാന്‍ പറഞ്ഞു: "വേണ്ട കുട്ടി, എനിക്ക് വേണ്ട."
എങ്കിലും അവള്‍ വിട്ടില്ല.

"
അതെന്താ, നിങ്ങള്‍ ചോക്കലേറ്റ് തിന്നില്ലേ?"

"
നിങ്ങള്‍ക്കിഷ്ടമല്ലേ? എനിക്കിഷ്ടമാണ്. അമ്മ എപ്പോഴും എനിക്ക് ചോക്കലേറ്റ് തരും. നിങ്ങളുടെ അമ്മ നിങ്ങള്‍ക്ക് ചോക്കലേറ്റ് തരാറുണ്ടോ?"
എന്റെ 'അമ്മ എനിക്ക് ചോക്കലേറ്റ് തരാറുണ്ടോ എന്ന് ! ഒരുപക്ഷേ, അവള്‍ വിചാരിച്ചിരിക്കും ഞാനും ഒരു കുട്ടിയാണെന്ന്.
അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ചോക്കലേറ്റ് തിന്നു.
സിനിമയവസാനിച്ചപ്പോള്‍ അവള്‍ പറഞ്ഞു:
"
ഇപ്പോഴൊന്നും തീരണ്ടായിരുന്നു!"
ഞങ്ങള്‍ പുറത്തിറങ്ങി. സന്ധ്യയാകാറായിരുന്നു.
അവള്‍ ചോദിച്ചു: "നിങ്ങള്‍ ഇനി എപ്പോഴാണ് സിനിമയ്ക്ക് വരിക?"
ഞാനൊന്നും പറഞ്ഞില്ല.
"
അടുത്തതാഴ്ച വരുമോ?"
"
എന്താ വരാന്‍ കഴിയില്ലേ?"
എനിക്ക് തമാശ തോന്നി. ഞാന്‍ പറഞ്ഞു: "അമ്മ സമ്മതിച്ചാല്‍ വരും!"
അവള്‍ പൊട്ടിച്ചിരിച്ചു. "അമ്മയോടു പറയണം ഞാനും വരുന്നുണ്ടെന്ന്."
എനിക്കു ചിരിക്കുവാന്‍ കഴിഞ്ഞില്ല.
അനുജത്തിയും അനുജനും പോകാന്‍ തിരക്കുകൂട്ടുകയാണ്. ആ പെണ്‍കുട്ടിയെ വിട്ടുപിരിയുന്നതില്‍ എനിക്ക് സങ്കടം തോന്നി.
അവള്‍ പറഞ്ഞു:"ഞാന്‍ കാത്തിരിക്കും."ഞാന്‍ വെറുതെ മൂളി: ""
"
ചീരിയോ!"
"
ഗുഡ്ബൈ!"
ആ കുട്ടികളെയും കുട്ടി അവള്‍ പോയി.
ഞാന്‍ അവളെത്തന്നെ നോക്കിനിന്നു. അവള്‍ വളര്‍ന്നു വലുതാകുന്നതും വിവാഹിതയാകുന്നതും ഞാന്‍ കണ്ടു.
എന്റെ ഹൃദയം വേദനിച്ചു. ഞാന്‍ ഏകാകിയാണ്. ഞാന്‍ ദുഃഖിതനാണ്. പക്ഷെ, അടുത്ത നിമിഷം തന്നെ ഞാനോര്‍മിച്ചു. ആ കുട്ടി സ്വയം സന്തോഷിക്കുകയും മറ്റുള്ളവര്‍ സന്തോഷിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവളാണ്.
ഞാന്‍ തനിച്ചു വീട്ടിലേക്കു നടന്നു. ഒരിരുട്ടറയില്‍ ഏറെ നേരം ശ്വാസംമുട്ടിക്കിടന്നതിനുശേഷം തുറന്ന ഒരു മൈതാനത്തിലേക്ക് കടന്നുചെന്നപോലെയുള്ള ഒരനുഭവം! മനസ്സില്‍ ഞാനറിയാതെ തന്നെ ഒരു മഹത്തായ പരിവര്‍ത്തനം നടക്കുകയായിരുന്നു.
അന്ന് രാത്രി ഞാന്‍ വിഷംകുടിച്ച് മരിച്ചില്ല.
അതിനുശേഷം ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു. ഞാന്‍ വീണ്ടും പഴയപോലെ ഒരിടത്തും സ്ഥിരമായി നില്കാതെ കഴിഞ്ഞുകൂടുകയാണ്. ഇപ്പോള്‍ മറ്റുള്ളവര്‍ എന്താണ് എന്നെപ്പറ്റി പറയുന്നതെന്നറിവാന്‍ ഞാന്‍ ആഗ്രഹിക്കാറില്ല. എന്തുവേണമെങ്കിലും പറയാം. ഒരാക്ഷേപവുമില്ല.

കഴിഞ്ഞുപോയതൊക്കെ ഒരു പുകപോലെ മാത്രമേ കാണുവാന്‍ കഴിയുന്നുള്ളൂ. അതില്‍ യുക്തിക്ക് യാതൊരു സ്ഥാനവുമില്ല. ഒരു സമാധാനമേയുള്ളൂ-മനുഷ്യന്റെ ജീവിതത്തില്‍ യുക്തിക്ക് വിശദീകരിക്കാന്‍ കഴിയാത്ത പലതും സംഭവിക്കാറുണ്ടല്ലോ.
മഞ്ഞു നല്ലപോലെ വീണുതുടങ്ങി. ഞാന്‍ പോവുകയാണ്.
പ്രകാശം പരത്തുന്ന ആ പെണ്‍കുട്ടിയെ വീണ്ടും കണ്ടുമുട്ടാതിരിക്കില്ല. ഒരു പക്ഷെ, നാനൂറോ അഞ്ഞൂറോ കൊല്ലങ്ങള്‍ക്കു ശേഷമായിരിക്കാം. ഞാനടക്കമുള്ള എല്ലാ മനുഷ്യരും വഴിത്തിരിവില്‍ സംശയിച്ചു നില്കുകയായിരിക്കും. അപ്പോഴാണ് ... നീ പൊയ്ക്കളയരുതേ!

------------------------------------------------------------------------------------------------------------- 



No comments:

Post a Comment