Saturday 3 March 2018

വീട് നഷ്ടപ്പെട്ട കുട്ടി - ടി പത്മനാഭന്‍


വാതില്‍ ചാരി അമ്മ ധൃതിയില്‍ കോണിപ്പടിയിറങ്ങിപ്പോകുന്ന ശബ്ദം അവന്‍ കേട്ടു. ശബ്ദം കേള്‍ക്കുവാന്‍ വേണ്ടി അവന്‍ കാതോര്‍ത്തു നില്ക്കുകയായിരുന്നില്ല. എങ്കിലും അവന്റെ സമ്മതം കൂടാതെതന്നെ, നോവേല്പിക്കുന്ന ഒരു ചെറിയ മുള്ളുപോലെ ആ ശബ്ദം അവന്റെ മനസ്സില്‍ കടന്നുചെന്നു. അവന്‍ ചുണ്ടു കടിച്ച്, വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ നിശ്ചലനായി, വേദനയടക്കി നിന്നു. വെളിച്ചം പരന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച രാത്രിയുടെ ആലസ്യത്തില്‍നിന്ന് കോളനി അപ്പോഴും പൂര്‍ണമായി മുക്തമായിരുന്നില്ല. എങ്കിലും പാല്‍ക്കാരുടെയും ഉന്തുവണ്ടികളില്‍ വില്ക്കാന്‍ കൊണ്ടുവരുന്നവരുടെയും ശബ്ദം അകലെനിന്ന് കേള്‍ക്കാമായിരുന്നു. രാത്രി പെയ്ത മഴയില്‍ നനഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍നിന്ന് വണ്ണാത്തിപ്പുള്ളുകള്‍ പാടുന്നുണ്ടായിരുന്നു... സാധാരണയായി എല്ലാ പുലര്‍ച്ചകളിലും വണ്ണാത്തിപ്പുള്ളിന്റെ പാട്ടു കേള്‍ക്കാനായി അവന്‍ ചെവിടോര്‍ത്തു നില്ക്കാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്തോ അവന് ഒരു താത്പര്യവും തോന്നിയില്ല. മൂന്നാമത്തെ നിലയിലുള്ള അവന്റെ ഫ്‌ളാറ്റിലെ കൊച്ചു വരാന്തയില്‍നിന്നു നോക്കിയാല്‍ ലോകം മുഴുവന്‍ കാണാമായിരുന്നു. അകലെയുള്ള കുന്നുകള്‍ കുന്നുകളുടെ ചരിവിലെ കാടുകള്‍, രാവിലെ താഴ്‌വരയിലെ പാടത്തുനിന്ന് ഉയര്‍ന്നുവരുന്ന വെളുത്ത മഞ്ഞ്, മഞ്ഞിന്റെ മറയിലൂടെ പതുക്കെ പ്രഭാതരശ്മികള്‍ കടത്തുന്ന സൂര്യന്‍. ഇതൊക്കെ എന്നും അവനെ ആകര്‍ഷിച്ചുപോന്നിരുന്ന കാഴ്ചകളായിരുന്നു. പക്ഷേ, ഇന്ന് അവന്‍ അതൊന്നും കാണുകയുണ്ടായില്ല. വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ അവന്‍ അസ്വസ്ഥനായി നിന്നു.
അകത്തുപോയി വാതിലും ജനലുമൊക്കെ അടച്ച് ഇരുട്ടില്‍ ആരും കാണാതെ നില്ക്കുവാന്‍ അവനു തോന്നി. ഉണ്ണില്ല, സ്‌കൂളില്‍ പോവില്ല, പുസ്തകം വായിക്കില്ല, ആരു വിളിച്ചാലും വിളി കേള്‍ക്കില്ല, കളിക്കാന്‍ പോവില്ല, ഇരുട്ടില്‍ ഒറ്റയ്ക്ക് മുറിയില്‍... പിന്നീട്, വൈകുന്നേരമോ രാത്രിയോ എപ്പോഴെങ്കിലും അമ്മ തിരിച്ചു വന്നാല്‍ എത്ര തവണ മുട്ടിയിട്ടും, വാതില്‍ തുറക്കുന്നത് കാണാത്തപ്പോള്‍, ദേഷ്യത്തോടെ ഉണ്ണീ, വാതില്‍ തുറക്ക്, ഇതു ഞാനാണ് എന്നു പറയുമ്പോള്‍... വീട്ടില്‍ ആരും ഉണ്ടാവുകയില്ല! അവന്‍ എവിടെയോ ആയിരിക്കും. അല്ലെങ്കില്‍... എന്തോ നേടിയതുപോലുള്ള ഒരു സന്തോഷം അവന് അപ്പോള്‍ അനുഭവപ്പെട്ടു. റോഡില്‍ ഒരു ടാക്‌സി കിടക്കുന്നുണ്ടായിരുന്നു. അവന്‍ ആദ്യമായിട്ടായിരുന്നില്ല ആ ടാക്‌സി കാണുന്നത്. ആരെ കൂട്ടുവാനാണ് ആ ടാക്‌സി വന്നിട്ടുള്ളതെന്നും അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ രാവിലെ ആ ടാക്‌സി കണ്ടതുമുതല്‌ക്കേ അവന്റെ മനസ്സ് പിടയുന്നുണ്ടായിരുന്നു. ഇന്നും അമ്മ പോകും-- അവന്‍ വിചാരിച്ചു, ഇന്നും. എന്നിട്ട് രാത്രി വളരെ വൈകിയിട്ട് വരും. അല്ലെങ്കില്‍ നാളെ കാലത്തായിരിക്കും. നാളെ. അതുവരെ... പെട്ടെന്ന് അവന്റെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അവന്‍ വിചാരിച്ചു. അച്ഛനുമുണ്ടാവില്ല. ശമ്പളം കിട്ടിയിട്ട് മൂന്നു ദിവസമല്ലേ ആയിട്ടുള്ളൂ. ഇനി ഒരു ദിവസംകൂടി അച്ഛന്‍ എവിടെയെങ്കിലും..... അച്ഛന് വീട്ടില്‍ വരണമെന്നില്ല. വന്നാലും ആരോടും ഒന്നും പറയുന്നില്ല. പണ്ടത്തെപ്പോലെ അമ്മയോടു വഴക്കടിക്കുന്നില്ല. ആരേയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്നില്ല...... അവന്‍ എന്തോ ഓര്‍ത്ത് കരച്ചിലടക്കി നിന്നു. റോഡിലേക്കു നോക്കില്ല എന്ന് അവന്‍ തീരുമാനിച്ചതായിരുന്നു. എങ്കിലും ഇടയ്ക്ക് അവന്റെ വെള്ളം നിറഞ്ഞ കണ്ണുകള്‍ പാഞ്ഞുചെന്നത് കാറിന്റെ നേര്‍ക്കുതന്നെയായിരുന്നു. വിളക്കുകാലിനരികെ വണ്ടി നിര്‍ത്തി ഡ്രൈവര്‍ ആളെ കാത്ത് വെളിയില്‍ നില്ക്കുന്നുണ്ടായിരുന്നു. കാറിന്റെ വാതിലില്‍ ചാരി ബീഡി വലിച്ചുകൊണ്ടു നിന്നിരുന്ന ഡ്രൈവറുടെ മുഖം അവന് വ്യക്തമായി കാണുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു ഡ്രൈവറുടെ മുഖം അവന്റെ മനസ്സില്‍ നല്ലപോലെ പതിഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. അവന് അയാളോട് കഠിനമായ പകയും ദേഷ്യവും തോന്നി, അയാളെ കൊല്ലണമെന്ന് അവന് തോന്നി. സിനിമയില്‍ കണ്ടതുപോലെ അടിച്ചു താഴെയിട്ട്, ഒരു വലിയ കല്ലെടുത്ത് ചതച്ചുചതച്ച്... കോളനിയില്‍നിന്നും പുറത്തേക്കുള്ള മെയിന്‍ ഗേറ്റിലൂടെ പോകാതെ അമ്പലത്തിലേക്കു പോകുന്ന കുറുക്കുവഴിയിലൂടെ റോഡിലേക്കു കടന്നു ടാക്‌സിയുടെ അരികിലേക്കു അമ്മ നടന്നു വരുന്നുണ്ടായിരുന്നു. ഡ്രൈവര്‍ അപ്പോള്‍ അമ്മയുടെ നേരെ തിരിഞ്ഞു നിന്നു. അപ്പോള്‍ അവന് അയാളുടെ മുഖം നല്ലതുപോലെ കാണാമായിരുന്നു. ഡ്രൈവറുടെ മുഖം വളരെ പ്രസന്നമായിരുന്നു. അയാള്‍ ചിരിക്കുന്നുണ്ടായിരുന്നു... അമ്മ കാറിന്റെ ഡോര്‍ തുറന്നു പുറകിലെ സീറ്റിലിരുന്നപ്പോള്‍ അയാള്‍ എന്തോ പറഞ്ഞ് വീണ്ടും ചിരിച്ചു. അമ്മയുടെ മുഖം അപ്പോഴവന് കാണാമായിരുന്നില്ല. എങ്കിലും അവന്‍ വിചാരിച്ചു. അമ്മയും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും... പിന്നീട് ഒരു ഞെട്ടലോടെ അവനോര്‍ത്തു, ഇപ്പോള്‍ അമ്മയെ അവന്‍ തൊടുന്നുണ്ടാകുമോ...? അവന് അതിനുശേഷം ഒന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. അവന്‍ പെട്ടെന്ന് തിരിഞ്ഞു നിന്നു. അമ്മ രാവിലെ വളരെ നേരത്തേതന്നെ എഴുന്നേറ്റിരുന്നു. അവനാണെങ്കില്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു. അമ്മ അന്നു രാവിലെയും വെളിയിലേക്കു പോകുമെന്ന് അവന് അറിയാമായിരുന്നു. അവന്റെ ചെറിയ മനസ്സില്‍ മുഴുവന്‍ തീ ആയിരുന്നു. അമ്മ കുളിമുറിയിലേക്കു ചെന്നപ്പോള്‍ അവന്‍ വരാന്തയിലേക്കു പോയി. അടുക്കളയുടെ മുമ്പിലുള്ള കൊച്ചുവരാന്തയായിരുന്നു അവന്റെ പഠിപ്പുമുറി, അവിടത്തെ മേശപ്പുറത്ത് അവന്റെ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമൊക്കെയുണ്ടായിരുന്നു. പദ്യംചൊല്ലലിന്, നാടകത്തിന്, പ്രസംഗത്തിന്... എല്ലാറ്റിലും അവന്‍ ഒന്നാമനായിരുന്നു. ഒന്നാമന്‍. എപ്പോഴും... മേശപ്പുറത്തുനിന്ന് പുസ്തകങ്ങളെടുത്ത് ആദ്യമായി കാണുന്നതുപോലെ അവന്‍ തിരിച്ചും മറിച്ചും നോക്കി. പക്ഷേ, അവന് ഒന്നും വായിക്കുവാന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍ അവന്‍ ഇന്നലെ സ്‌കൂളില്‍തന്നെ പോയിരുന്നില്ല. മിനിഞ്ഞാന്നും പോയിരുന്നില്ല. അവന്‍ ആദ്യമായിട്ടായിരുന്നു അങ്ങനെ ചെയ്യുന്നത്... കഴിഞ്ഞ ആഴ്ച. അവന്‍ ടീച്ചേഴ്‌സ് റൂമിലെ അലമാരയില്‍നിന്ന് അവന്റെ കോമ്പസിഷന്‍ പുസ്തകം തിരഞ്ഞെടുക്കുകയായിരുന്നു. റൂമില്‍ ഗ്രെയിസിടീച്ചറും കൃഷ്ണന്‍കുട്ടിസാറും മാത്രമേയുണ്ടായിരുന്നുള്ളൂ. അവര്‍ എന്തോ അടക്കിപ്പിടിച്ചു സംസാരിക്കുകയായിരുന്നു. അവന്‍ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, ഒരു ഘട്ടത്തില്‍ അവന്‍ അവന്റെ അമ്മയുടെ പേരു കേട്ടു. അപ്പോള്‍ ഗ്രെയിസി ടീച്ചര്‍ പറയുന്നതും കേട്ടു. 'ശ്..ശ് ആ കുട്ടി അവിടെയുണ്ട്... അവന്‍ കേട്ടാല്‍' കൃഷ്ണന്‍കുട്ടി സാര്‍ അപ്പോള്‍ പറഞ്ഞു, 'ഓ അവന്‍ കുട്ടിയല്ലേ, അവന് ഒന്നും മനസ്സിലാവില്ല...' അപ്പോള്‍ ഗ്രെയിസിടീച്ചര്‍, 'എന്നാലും അവന്റെ അമ്മയെക്കുറിച്ച്...' കൂട്ടുകാരില്‍നിന്നൊക്കെ ഒഴിഞ്ഞുമാറി അവന്‍ അവിടെയിവിടെയൊക്കെ നടന്നു. അവന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്താണു ചെയ്യുന്നതെന്നോ, എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോ ഒന്നും അവന് ഒരു രൂപവുമുണ്ടായിരുന്നില്ല. ആളുകളെ കാണുമ്പോള്‍ അവന്‍ ചൂളിപ്പോകുന്നുണ്ടായിരുന്നു. അതുകൊണ്ട് അവന്‍ തനിച്ചു നടന്നു... പുസ്തകങ്ങള്‍ വെറുതെ അലസമായി മറിച്ചു നോക്കി അവന്‍ അവിടെയിരുന്നു. അവന് ഒന്നിനും ഒരുത്സാഹവുമുണ്ടായിരുന്നില്ല. അമ്മ അവന് കാപ്പി കൊണ്ടുവന്നു മേശപ്പുറത്തു വച്ചപ്പോള്‍ അതു കുടിക്കുകയുണ്ടായില്ല. തൊടുകപോലും ചെയ്തില്ല. അമ്മ കൊടുത്ത കാപ്പി കുടിക്കില്ല എന്ന വാശികൊണ്ടൊന്നുമായിരുന്നില്ല. അങ്ങനെയൊരു വാശിയും അവനില്ലായിരുന്നു. പക്ഷേ, എന്തോ അവനത് കുടിക്കാന്‍ തോന്നിയില്ല. ആ കാപ്പിപ്പാത്രത്തിന്റെ മുമ്പില്‍ എന്തോ ആലോചിച്ചിട്ടെന്നവണ്ണം വെറുതെ ഇരിക്കുകമാത്രം ചെയ്തു... കാപ്പിയില്‍ പാലുണ്ടായിരുന്നില്ല. പാല്ക്കാരന്‍ അവര്‍ക്കു പാലു കൊടുക്കാതായിട്ട് മൂന്ന് ദിവസമായിരുന്നു. പാല്ക്കാരന് പണം കൊടുക്കാനുണ്ടായിരുന്നു. ഒന്നാം തീയതി വൈകുന്നേരംതന്നെ പാല്ക്കാരന്‍ വന്ന് അച്ഛനെ അന്വേഷിച്ചു. അച്ഛന്‍ കമ്പനിയില്‍നിന്നു വന്നിട്ടില്ല' എന്ന് അവന്‍ പറഞ്ഞപ്പോള്‍, 'എന്നാല്‍ നീ പോയി കൂട്ടിക്കൊണ്ടുവാ, ആ ചാരായഷാപ്പിലോ, അതിനടുത്ത ചായക്കടയിലോ ഉണ്ടാകും' എന്ന് അയാള്‍ പറഞ്ഞു. അയാള്‍ വളരെ ദേഷ്യത്തിലായിരുന്നു. നാലു മാസമായി അയാളുടെ പാലിന്റെ പണം കൊടുക്കാത്തതിനെക്കുറിച്ചും അയാളെ എത്രയോ തവണ വെറുതെ നടത്തിച്ചതിനെക്കുറിച്ചുമൊക്കെ അയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പോള്‍ അടുത്ത ഫ്‌ളാറ്റുകളില്‍നിന്ന് ആളുകള്‍ എത്തി നോക്കുന്നുണ്ടായിരുന്നു.


കോളനിയില്‍നിന്ന് രാവിലത്തെ ഷിഫ്റ്റിന് ഫാക്ടറിയില്‍ കയറാന്‍ ബദ്ധപ്പെട്ടു പോകുന്ന ആളുകളും അതു കേട്ടു നില്ക്കുന്നുണ്ടായിരുന്നു. പലരും ചിരിക്കുന്നുണ്ടായിരുന്നു. അവന്‍ ഉടുക്കാത്തതുപോലെ അവിടെ നിന്നു. അവന്റെ ദേഹമാസകലം പൊള്ളുന്നുണ്ടായിരുന്നു. എവിടെയെങ്കിലും പോയി ഒളിക്കാന്‍ അവന്‍ ആശിച്ചു, അയാളെ കാണാതെ, അയാള്‍ പറയുന്നതു കേള്‍ക്കാതെ... പക്ഷേ, രണ്ടു മുറിയും ഒരടുക്കളയും വരാന്തയും മാത്രമുള്ള ആ ഫ്‌ളാറ്റില്‍ അവന് ഒളിച്ചിരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല.
പിന്നീട് അയാള്‍ അമ്മയെ വിളിക്കാന്‍ പറഞ്ഞു. അമ്മ അവിടെയില്ലെന്നു പറഞ്ഞപ്പോള്‍ പാല്ക്കാരന്‍ ചോദിച്ചു: 'അമ്മ എവിടെയാ പോയിരിക്കുന്നത്?' അതിന് അവന് ഒരു മറുപടിയുമില്ലായിരുന്നു. അപ്പോള്‍ പാല്ക്കാരന്‍ പറഞ്ഞു: 'അച്ഛന് ജോലിയുണ്ട്. അമ്മയ്ക്കും വരവുണ്ട്. എന്നിട്ടും എനിക്കു തരാന്‍ കാശില്ല-- നോക്കട്ടെ, എന്റെ കാശു വാങ്ങുവാന്‍ എനിക്കു കഴിയുമോ എന്നു ഞാന്‍ നോക്കട്ടെ...' അങ്ങനെ പറഞ്ഞ് അയാള്‍ കോറിഡോറില്‍നിന്ന് ഇറങ്ങിപ്പോയി. പക്ഷേ, സ്റ്റേര്‍കേസിറങ്ങി റോഡിലെത്തിയ അയാള്‍ വീണ്ടും ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു: 'അമ്മ എപ്പോഴെങ്കിലും മടങ്ങിവരുമല്ലോ അച്ഛനും. ഞാന്‍ വന്ന കാര്യം അവരോടു പറയൂ. ഞാന്‍ ഇനിയും വരാം. ഏതായാലും ഇനി കുറച്ചു ദിവസം പാലു കുടിക്കേണ്ട...'
അയാള്‍ പോകുമ്പോള്‍ ഉറക്കെ നീട്ടിത്തുപ്പി. മെയിന്‍ റോഡിലേക്കല്ല കോളനിയിലേക്കാണ് അയാള്‍ പോയത്. അപ്പോഴും അയാള്‍ ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആളുകള്‍ അതു കേട്ടു ചിരിക്കുന്നുണ്ടായിരുന്നു. പിറകിലെ മുറിയിലെ ജനലരികില്‍ നിന്ന് അവന്‍ അതു കാണുന്നുണ്ടായിരുന്നു.
പാലൊഴിക്കാത്ത കാപ്പിയുടെ മുമ്പിലിരുന്ന് അവന്‍ അതൊക്കെ ഓര്‍ത്തു. പാല്ക്കാരന്‍ വന്ന കാര്യം അവന്‍ അച്ഛനോടു പറഞ്ഞിരുന്നില്ല. അച്ഛനെ കാണാതെതന്നെ മൂന്ന് ദിവസമായിരുന്നു. അച്ഛന്‍ എവിടെയാണ് ഉണ്ടാവുക എന്ന് അവന് ഊഹിക്കാമായിരുന്നു. പക്ഷേ, അവിടെയൊന്നും പോയി അച്ഛനുമായി, പാല്ക്കാരന്‍ വന്ന കാര്യം പറയുവാന്‍ അവന് കഴിയുമായിരുന്നില്ല. അവന്‍ വിചാരിച്ചു: നാളെ വരും; നാളെ തീര്‍ച്ചയായും വരും...
കുളിക്കാതെ. ഷേവ് ചെയ്യാതെ, പാന്റും ഷര്‍ട്ടുമൊക്കെ മുഷിഞ്ഞ് അവശനായി പതുക്കെ നടന്നുവരുന്ന...

അകത്തുനിന്ന് പൗഡറിന്റെയും സെന്റിന്റെയും വാസന വരുന്നുണ്ടായിരുന്നു. അമ്മ പുറത്തേക്കു പോകുവാന്‍ ഒരുങ്ങുകയായിരുന്നു. അവന്‍ കാതോര്‍ത്തു നിന്നു: അമ്മ വിളിക്കുമോ--? അവനോടെന്തെങ്കിലും പറയുമോ--? അല്ല. ഇന്നലത്തെപ്പോലെതന്നെ പോകുമോ--? പോയാല്‍, പോയാല്‍ അവനെന്തു ചെയ്യും--? അവിടെത്തന്നെ നില്ക്കണോ--? അല്ല, മുറി പൂട്ടി... എവിടെയെങ്കിലും പോയി, ആരെയും കാണാതെ, ഒരിക്കലും തിരിച്ചു വരാതെ...
അവന് എന്തെന്നില്ലാത്ത ഖേദം തോന്നി. പെട്ടെന്ന് അമ്മ അവന്റെ മുന്നില്‍ നില്ക്കുന്നത് അവന്‍ കണ്ടു. അമ്മ ഒരു കല്യാണത്തിനു പോകുന്നതുപോലെ ഉടുത്തൊരുങ്ങിയിരുന്നു. അമ്മ അഞ്ചുറുപ്പികയുടെ ഒരു നോട്ട് അവന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു:
'ഞാന്‍ വരാന്‍ വൈകുകയാണെങ്കില്‍ നീ കാന്റീനില്‍ ചെന്ന്...'
അവന്‍ ഒന്നും പറഞ്ഞില്ല. അമ്മ വച്ചുനീട്ടിയ നോട്ട് വാങ്ങിയതുമില്ല. അവന്‍ കരച്ചിലിന്റെ വക്കത്തായിരുന്നു...
അമ്മ അവന്റെ മുഖത്തു നോക്കുന്നുണ്ടായിരുന്നില്ല. അവന്റെ മുമ്പില്‍, അവന്‍ കാണത്തക്കവണ്ണം, മേശപ്പുറത്ത് ഒരു പുസ്തകത്തിന്റെ കീഴെ ആ നോട്ട് തിരുകിവച്ചിട്ട് അമ്മ തിരിഞ്ഞു നടന്നു. പക്ഷേ, വാതില്‍ക്കലെത്തിയപ്പോള്‍ അവര്‍ നിന്നു. എന്നിട്ട് ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു:
'എന്തെങ്കിലും ഒരു ജോലിക്ക് ഞാന്‍ ശ്രമിക്കുകയാണ്...'
പെട്ടെന്ന് അവന്‍ ഉറക്കെ ചോദിച്ചു:
'എന്തു ജോലി?'
ആ ചോദ്യം കേട്ടപ്പോള്‍ അടിയേറ്റതുപോലെ അമ്മ അവന്റെ മുഖത്തേക്കു നോക്കി. അമ്മയുടെ മുഖം ഇരുണ്ടിരുന്നു. അവന്‍ അമ്മയോട് ഒരിക്കലും അങ്ങനെയൊരു സ്വരത്തില്‍ സംസാരിച്ചിരുന്നില്ല.
അമ്മ ഒന്നും പറയാതെ കോണിപ്പടിയിറങ്ങി പോയി.
അവനു വിഷമം തോന്നി.
അവന് അമ്മയോട് ഇഷ്ടമായിരുന്നു. പക്ഷേ, അവന്റെ മനസ്സില്‍ അടുത്തകാലത്തായി ഊറിക്കൂടുവാന്‍ തുടങ്ങിയിരുന്ന വേദനയും വിഷമവും... ഒക്കെക്കൂടി...
അവന്‍ റോഡിലേക്കു നോക്കി.
അവന്റെ അമ്മ കയറിയ ടാക്‌സി അവിടെയുണ്ടായിരുന്നില്ല.

അതു പൊയ്ക്കഴിഞ്ഞിട്ട് കുറേനേരമായിരുന്നു.
റോഡിലേക്കു നോക്കി പലതും ആലോചിച്ചുകൊണ്ട് അവന്‍ അവിടെ നിന്നു. കോളനിയില്‍നിന്ന് അകലെയുള്ള ടൗണിലേക്കു പോകുന്ന റോഡ്...
അവനും ടൗണില്‍ പോയിരുന്നു; അച്ഛന്റെയും അമ്മയുടെയും കൂടെ. ഒരിക്കലല്ല, പലപ്രാവശ്യം. അച്ഛനും അമ്മയും അവനും. അവര്‍ എപ്പോഴും ബസ്സിലായിരുന്നു പോയിരുന്നത്. റെയില്‍വേസ്റ്റേഷന്റെ മുമ്പില്‍ ബസ്സിറങ്ങും. എന്നിട്ട് മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി... വലിയ തുണിഷാപ്പില്‍ നിന്ന് അവന് ട്രൗസറും ഷര്‍ട്ടും, അമ്മയ്ക്ക് ബ്ലൗസ്, അച്ഛന്... അച്ഛന്‍ എപ്പോഴും പറയും, 'എനിക്ക് ഇപ്പൊഴൊന്നും വേണ്ടാ' അപ്പോള്‍ അമ്മ പറയും, 'എന്നാല്‍ ഞങ്ങള്‍ക്കും വേണ്ട.' ഒടുവില്‍ എല്ലാവര്‍ക്കും വാങ്ങി... ഐസ്‌ക്രീം വില്ക്കുന്ന പാര്‍ലറില്‍ ചെന്ന്... പാര്‍ക്കില്‍ പോയി ബെഞ്ചിലിരുന്ന് അച്ഛന്‍ ഓരോ തമാശ പറയുമ്പോള്‍ അമ്മ ചിരിച്ചു ചിരിച്ച്...
അതൊക്കെ വളരെ പണ്ടു കഴിഞ്ഞതുപോലെ അവനു തോന്നി.
പുറത്തു വാതിലില്‍ ആരോ മുട്ടുന്നുണ്ടായിരുന്നു. അവന്‍ ചെന്നു നോക്കിയപ്പോള്‍ മോഹനന്‍. അവന്റെ ചങ്ങാതി; അവന്റെ ക്ലാസ്സില്‍ പഠിക്കുന്നവന്‍. മോഹനന്റെ പിറകിലായി, സ്റ്റേര്‍കേസിന്റെ രണ്ടു പടി താഴെ അപ്പുവും സീതയും. എല്ലാവരുടെയും കൈയില്‍ പുസ്തകക്കെട്ടുകളുണ്ടായിരുന്നു. അവര്‍ രാവിലെ സ്‌കൂളിലേക്കു പോവുകയായിരുന്നു. അവരെ കണ്ടപ്പോള്‍, എന്താണു പറയേണ്ടതെന്നറിയാതെ അവന്‍ വിഷമിച്ചു. അവരെല്ലാവരും പതിവായി ഒന്നിച്ചു സ്‌കൂളില്‍ പോകുന്നവരായിരുന്നു. മോഹനന്‍ അവനോടു വളരെ സ്വകാര്യമായി ചോദിച്ചു:
'നീ വരുന്നില്ലേ?'
അപ്പോള്‍ അവന്‍ വിചാരിച്ചു. മോഹനന്‍ വളരെ പതുക്കെ പറയുന്നത് അവന്റെ വീട്ടിലുള്ളവര്‍ കേള്‍ക്കുന്നതുകൊണ്ടായിരിക്കുമെന്ന്. മോഹനന്‍ അവരുടെ അടുത്ത ഫ്‌ളാറ്റിലായിരുന്നു. മോഹനന്‍ എപ്പോഴും അവന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. മോഹനന്റെ അച്ഛനും അമ്മയും അനുജത്തിയുമൊക്കെ വരാറുണ്ടായിരുന്നു. പക്ഷേ, ഈയിടെയായി അവരൊന്നും അങ്ങനെ വരാറില്ല. ഒരിക്കല്‍ മോഹനന്റെ അമ്മ അവനെ ശാസിക്കുന്നത് അവന്‍ കേട്ടിരുന്നു: 'എന്തിനാ അവിടെ ഇങ്ങനെ എപ്പോഴും...' പക്ഷേ, മോഹനന് അവനെ വളരെ ഇഷ്ടമായിരുന്നു. അവനും മോഹനനെ ഇഷ്ടമായിരുന്നു. അതുകൊണ്ട് മോഹനന്‍ വിളിച്ചപ്പോള്‍ ഒന്നും പറയാന്‍ കഴിയാതെ അവന്‍ വിഷമിച്ചു.
സമയം വൈകിയപ്പോള്‍ അപ്പുവും സീതയും പോകുവാന്‍ ധൃതികൂട്ടി.
പോകുമ്പോള്‍ മോഹനന്‍ പറഞ്ഞു:
'ഞാന്‍ ഉച്ചയ്ക്കു വരും...'
അവന്‍ ഒന്നും പറയാതെ വരാന്തയില്‍ ചെന്ന് അവര്‍ പോകുന്നത് നോക്കിനിന്നു.

റോഡില്‍ സ്‌കൂളിലേക്കു പോകുന്ന വേറെയും കുട്ടികളുണ്ടായിരുന്നു.
കോളനിയിലെ നാനൂറോളം ഫ്‌ളാറ്റുകളില്‍നിന്നുള്ള കുട്ടികള്‍ മുതിര്‍ന്നവരും അവന്റെ പ്രായത്തിലുള്ളവരും കൊച്ചുകുട്ടികളുമൊക്കെ. അക്കൂട്ടത്തില്‍ അവന്റെ ക്ലാസ്സില്‍ പഠിക്കുന്നവരുമുണ്ടായിരുന്നു. അവന്റെ ചങ്ങാതികള്‍. അവര്‍ അവന്റെ വീട്ടിന്റെ മുമ്പിലെത്തിയപ്പോള്‍ മുകളിലേക്കു നോക്കുന്നുണ്ടായിരുന്നു.
ഒരു പുസ്തകമെടുത്ത് അകത്തെ മുറിയിലേക്കു അവന്‍ പോയി. പക്ഷേ, ആരുമില്ലാത്ത ആ വീട്ടില്‍ വളരെ നേരം തനിച്ചിരുന്ന് വായിക്കുവാന്‍ അവനു കഴിഞ്ഞില്ല. ചരടറ്റുപോയ ഒരു പട്ടം കാറ്റില്‍ തെന്നിപ്പോകുന്നതുപോലെ അവന്റെ മനസ്സ് നിയന്ത്രണത്തില്‍നിന്നു വേര്‍പെട്ട് എവിടെയല്ലാമോ പോകുന്നുണ്ടായിരുന്നു. അവന്‍ പുസ്തകം താഴെ വച്ച് ജാലകത്തിലൂടെ വെളിയിലേക്കു നോക്കിനിന്നു. കുന്നിന്റെ ചരിവില്‍ നിരനിരയായികികിടക്കുന്ന കോണ്‍ക്രീറ്റ് വീടുകള്‍. വീടുകളുടെ ഇടയിലൂടെ വളഞ്ഞും, തിരിഞ്ഞും പോകുന്ന റോഡുകള്‍... അകലെ, വിദൂരതയില്‍, ആകാശത്തില്‍ പുക പരത്തിക്കൊണ്ടു നില്ക്കുന്ന ഫാക്ടറിയുടെ കുഴല്‍... എല്ലാം ഒരു പഴയ നിറം മങ്ങിയ, ചിത്രംപോലെയുണ്ടായിരുന്നു.
വളരെ നേരം അങ്ങനെ അവിടെ നില്ക്കുവാന്‍ അവനു കഴിഞ്ഞില്ല. അവന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങി. അവന്റെ കൈയില്‍ വീടിന്റെ താക്കോലുണ്ടായിരുന്നു. സാധാരണയായി വീടു പൂട്ടിപ്പോകുമ്പോള്‍ അവര്‍ അടുത്തവീട്ടില്‍ താക്കോല്‍ ഏല്പിക്കാറായിരുന്നു പതിവ്. പക്ഷേ, ഇന്ന് അവന്‍ അങ്ങനെ ചെയ്തില്ല. വാതില്‍ ചാരി, അവന്‍ തെല്ലുനേരം സംശയിച്ചുനിന്നു. പൂട്ടണോ--? പക്ഷേ, പിന്നീട് എന്തോ ഓര്‍ത്തിട്ടെന്നപോലെ അവന്‍ വാതില്‍ പൂട്ടാതെ വെറുതെ താഴിടുകമാത്രം ചെയ്തു.
വീട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ വ്യക്തമായ ഒരുദ്ദേശ്യവും അവന്റെ മനസ്സിലില്ലായിരുന്നു. പക്ഷേ, ആരെയെങ്കിലും കാണുന്നതിനോ ആരോടെങ്കിലും സംസാരിക്കുന്നതിനോ അവന്‍ ആഗ്രഹിച്ചില്ല.

അതുകൊണ്ട് അവന്‍ കോളനിയുടെ ഭാഗത്തേക്കു പോയില്ല. സ്‌കൂളിന്റെ ഭാഗത്തേക്കും പോയില്ല.
വണ്ണാത്തിപ്പുള്ള് പാട്ടു പാടുന്ന മരത്തിന്റെ ചുവട്ടില്‍ അവന്‍ വിഷാദത്തോടെ നിന്നു. വണ്ണാത്തിപ്പുള്ളിനെ അവന് ആദ്യമായി കാണിച്ചുകൊടുത്തതും വണ്ണാത്തിപ്പുള്ളിന്റെ പാട്ടിനെക്കുറിച്ചു പറഞ്ഞുകൊടുത്തതും പുറവേലിക്കെട്ടിനകത്തുനിന്ന് ഉണര്‍ന്നു പാടുന്ന ചെറുവണ്ണാത്തിപ്പുള്ളിനെക്കുറിച്ചുള്ള കവിത അവന്റെ പാഠപുസ്തകത്തില്‍നിന്ന് അവനെ ഉറക്കെ വായിച്ചു കേള്‍പ്പിച്ചതുമൊക്കെ ഒരിക്കല്‍ അവന്റെ അച്ഛനായിരുന്നു...
അതൊക്കെ വളരെ മുമ്പു കഴിഞ്ഞതുപോലെ അവനു തോന്നി.
ആ അച്ഛനാണ് പിന്നീട്... അവനോര്‍ത്തു: എപ്പോഴാണ് അച്ഛന്‍ പിന്നീട് ഇങ്ങനെ... യൂണിയന്റെ തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷമോ? കോണ്‍ട്രാക്ടറുടെ സുന്ദരനും ചെറുപ്പക്കാരനുമായ അസിസ്റ്റന്റ് വീട്ടില്‍വരാന്‍ തുടങ്ങിയതിനുശേഷമോ? സ്ഥിരമായി ക്ലബ്ബില്‍ചെന്ന് രാത്രി മുഴുവന്‍ ചീട്ടുകളിക്കാന്‍ തുടങ്ങിയതിനു ശേഷമോ?... എപ്പോഴാണ്... എപ്പോഴാണ്.
അവനെ സംബന്ധിച്ചിടത്തോളം അതൊക്കെ ഒരു കടങ്കഥയായിരുന്നു. പക്ഷേ, അതിന്റെ ആഴങ്ങളിലേക്കോ അര്‍ത്ഥങ്ങളിലേക്കോ ഒന്നും കടന്നു ചെല്ലാന്‍ അവനു കഴിഞ്ഞില്ല.
മെയിന്‍ റോഡിലേക്കു കടന്ന്, കോളനിക്കു പുറത്തു കുന്നിന്റെ മുകളിലുള്ള പഴയ അമ്പലത്തിലേക്കു പോകുന്ന ഊടുവഴിയിലൂടെ അവന്‍ നടന്നു.
അപ്പോള്‍ അവനെതിരെ ഒരു സൈക്കിളില്‍ റോബര്‍ട്ട് വരുന്നുണ്ടായിരുന്നു. റോബര്‍ട്ട് അവന്റെ മുകളിലെ ക്ലാസ്സില്‍ പഠിച്ചിരുന്ന, അവനേക്കാള്‍ പ്രായം കൂടിയ പയ്യനായിരുന്നു. പെണ്‍കുട്ടികളോട് അനാവശ്യം പറഞ്ഞതിനും ടീച്ചറിനോടു വഴക്കടിച്ചതിനും അവനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. അതുകൊണ്ട് റോബര്‍ട്ട് സ്‌കൂളില്‍ വരാറുണ്ടായിരുന്നില്ല. അവന്റെ മുമ്പിലെത്തിയപ്പോള്‍ സൈക്കിള്‍ ചരിച്ച് നിലത്തു കാലൂന്നി നിന്ന് റോബര്‍ട്ടു ചോദിച്ചു:

'ഡേയ് എവിടെ പോണ്?'
അവന്‍ ഒന്നും പറയാതെ പോകാന്‍ ഭാവിച്ചപ്പോള്‍ റോബര്‍ട്ട് അവന്റെ ചുമലില്‍ പിടിച്ചു വീണ്ടും പറഞ്ഞു:
'അങ്ങനെ പോയാലോ! പിന്നേയ്, നിന്റെ അമ്മ ഇന്നു രാവിലെ ടാക്‌സിയില്‍ പോകുന്നതു കണ്ടല്ലോ.
ക്ലബ്ബിലെ ബാലനെയും കണ്ടു. എങ്ങട്ടാ?'
അങ്ങനെ ചോദിച്ച് റോബര്‍ട്ട് ചിരിക്കാന്‍ തുടങ്ങി.
അവന്‍ പെട്ടെന്ന് റോബര്‍ട്ടിന്റെ കൈ തട്ടിമാറ്റി ദേഷ്യത്തോടെ പറഞ്ഞു:
'എന്റെ അമ്മ എവിടെയും പോയിട്ടില്ല.'
അപ്പോള്‍ റോബര്‍ട്ട് വീണ്ടും ചോദിച്ചു:
'അപ്പഴേ, ഞാന്‍ കാറില്‍ കണ്ടത് പിന്നെ ആരെയാ?'
അവന്‍ പറഞ്ഞു:
'അതു നിന്റെ അമ്മയായിരിക്കും.'
റോബര്‍ട്ടിന്റെ ചിരി മാഞ്ഞുപോയി.
അവനും അത്ഭുതം തോന്നി. അവന്‍ അതുവരെ അങ്ങനെ ആരോടും സംസാരിച്ചിരുന്നില്ല.
പിന്നീട് അവന്‍ അവിടെ നിന്നില്ല.
അമ്പലത്തിന്റെ മുമ്പിലത്തെ അരയാലിന്റെ ചുവട്ടില്‍ വയസ്സന്‍ പോറ്റി ഇരിക്കുന്നുണ്ടായിരുന്നു. അമ്പലം വിജനമായിരുന്നു. പോറ്റി അവനെ കണ്ടപ്പോള്‍ പറഞ്ഞു:
'രാഘവന്‍ നായരുടെ മകനല്ലേ?'
അവന്‍ ഉത്തരമൊന്നും പറയാതെ ഒരു നിമിഷനേരം അയാളുടെ മുമ്പില്‍ തങ്ങിനിന്നപ്പോള്‍ പോറ്റി വീണ്ടും പറഞ്ഞു:
'അച്ഛനെയും അമ്മയെയും ഒന്നും ഇപ്പോള്‍ കാണുന്നതേയില്ല. അമ്പലത്തില്‍ വരുന്നതും ഒക്കെ നിര്‍ത്തി, അല്ലേ?'
അവന്‍ ഒന്നും പറയാതെ നടന്നു. അപ്പോഴും അയാള്‍ പറയുന്നുണ്ടായിരുന്നു.
'ഞാന്‍ അന്വേഷിച്ചതായി പറയണം, കേട്ടോ?'
വയസ്സന്റെ വിറങ്ങലിച്ച ശബ്ദം കുന്നിന്‍ചരിവില്‍ പ്രതിദ്ധ്വനിച്ചു.


മരങ്ങള്‍ മുറ്റിവളര്‍ന്നിരുന്ന കുന്നിന്‍ചരിവിലൂടെ അവന്‍ അലസനായി നടന്നു. ആളുകള്‍ നടന്നുപോയിരുന്ന വഴികളിലൂടെയൊന്നുമായിരുന്നില്ല അവന്റെ കാലുകള്‍ നീങ്ങിയിരുന്നത്. പതുക്കെപ്പതുക്കെ അവന്റെ മനസ്സ് പഴയ ലോകത്തില്‍നിന്നും സംഭവങ്ങളില്‍നിന്നുമൊക്കെ മുക്തമായി വന്നു. അവന്റെ അചഛന്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്നു വരുന്ന ഇരമ്പം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. പൂപ്പാതിരിയുടെ നനഞ്ഞ ചില്ലയിലിരുന്നു പാടുന്ന കാട്ടുപുള്ളിന്റെ സംഗീതം അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളും ഇലകളും അവന്‍ കാണുന്നുണ്ടായിരുന്നില്ല. അവനു മാത്രം അറിയാവുന്ന എന്തോ ഓര്‍ത്തിട്ടെന്നപോലെ അവന്‍ പതുക്കെ നടന്നു.

No comments:

Post a Comment