Showing posts with label അംബികാസുതന്‍ മാങ്ങാട്‌. Show all posts
Showing posts with label അംബികാസുതന്‍ മാങ്ങാട്‌. Show all posts

Tuesday, 20 February 2018

വീണ്ടും രണ്ടു മത്സ്യങ്ങള്‍ - അംബികാസുതൻ മാങ്ങാട്

രണ്ട് മത്സ്യങ്ങള്‍ക്ക് വീണ്ടും വഴിതെറ്റി. വഴിതെറ്റി എന്നു പറഞ്ഞുകൂടാ. വഴികള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലായിടത്തും ഭീമാകാരമായ, വായപിളര്‍ന്ന പാറ മടകള്‍ മാത്രം. ദംഷ്ട്രകള്‍ പോലെ എറിച്ചുനിന്ന കൂര്‍ത്ത കരിങ്കല്ലുകള്‍. ചുടുകാടിനെ ഓര്‍മിപ്പിക്കുന്ന കറുത്ത മണ്ണ്.
       ഇടവപ്പാതി കനിഞ്ഞതേയില്ല. ഇടവപ്പാതിയുടെ അന്ത്യമാണോ തുലാവര്‍ഷത്തിന്റെ തുടക്കമാണോ എന്നറിയാത്തവിധം ചാറ്റിയമഴ നനവിലൂടെയാണ് അഴകനും പൂവാലിയും സഞ്ചരിച്ചത്.
     ''നോക്കൂ'', ദൂരെനിന്ന് ദിനോസറുകളെപ്പോലെ ജാഥയായി വരുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നേര്‍ക്ക് അഴകന്‍ കണ്ണയച്ചു. ശത്രുരാജ്യത്തോട് യുദ്ധംചെയ്യാന്‍ ഒരുങ്ങിയിറങ്ങിയ സൈന്യം പോലെ ഒരു കാഴ്ച.
    പൂവാലിക്ക് ഭയമായി: ''അയ്യോ, നമുക്ക് ഇവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം''. മത്സ്യങ്ങള്‍ കുതിച്ചു.  യന്ത്രദിനോസറുകള്‍ മറ്റൊരു ഭാഗത്തുകൂടെ ഉരുണ്ട് പോയി. മീനുകള്‍ യാത്രതുടര്‍ന്ന് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് വയലുകളുടെ നിരപ്പിലേക്കിറങ്ങി.
      വയലുകളിലെ സസ്യങ്ങളെല്ലാം  വെയിലില്‍ കത്തിക്കരിഞ്ഞിരുന്നു. മഴനനഞ്ഞ ചെടികള്‍ക്കിടയിലൂടെ മീനുകള്‍ മുന്നോട്ടുപോയി. ഒരു കൂവലിലുണ്ടായിരുന്ന മഴവെള്ളത്തില്‍ ഇത്തിരിനേരം വിശ്രമിച്ചു. കറുത്ത് കരിവാളിച്ച ഒരു മനുഷ്യന്‍ വയലിലേക്ക് കാലുകള്‍ നീട്ടിവെച്ച് വരമ്പില്‍ ഏകാകിയായി ഇരിക്കുന്നതുകണ്ട് മത്സ്യങ്ങള്‍ പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.  പൂവാലി ചോദിച്ചു: ''അല്ലയോ മനുഷ്യാ, ഞങ്ങള്‍ക്ക് ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?''

Monday, 19 February 2018

പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌

          
           
                                പ്രാണവായു - അംബികാസുതന്‍ മാങ്ങാട്‌
കോളിങ്‌ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും കിട്ടിയില്ലേ?''
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു.
ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
''കുട്ടികളെവിടെ?''
''രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്.
പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്‌സിജന്‍ ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍... ഓക്‌സിജന്‍ തീര്‍ന്നുപോയ
കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്. അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍! ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ... ഹോ!''