DOWNLOAD PDF
കല്‍ക്കത്തയില്‍ വന്നിട്ട് ഒരാഴ്‌ച കഴിഞ്ഞപ്പോഴാണ് അവള്‍ ആ പരസ്യം രാവിലെ വര്‍ത്തമാനക്കടലാസില്‍ കണ്ടത്: `കാഴ്‌ചയില്‍ യോഗ്യതയും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു ചെറുപ്പക്കാരിയെ ഞങ്ങളുടെ മൊത്തക്കച്ചവടത്തിന്റെ ഇന്‍ചാര്‍ജ്ജായി ജോലി ചെയ്യുവാന്‍ ആവശ്യമുണ്ട്. തുണികളുടെ നിറങ്ങളെപ്പറ്റിയും പുതിയ ഡിസൈനുകളെപ്പറ്റിയും ഏകദേശ വിവരമുണ്ടായിരിക്കണം. അവനവന്റെ കൈയ്യക്ഷരത്തില്‍ എഴുതിയ ഹരജിയുമായി നേരിട്ട് ഞങ്ങളുടെ ഓഫീസിലേക്ക് വരിക.'
ജനത്തിരക്കുള്ള ഒരു തെരുവിലായിരുന്നു ഓഫീസിന്റെ കെട്ടിടം. അവള്‍ ഇളം മഞ്ഞനിറത്തിലുള്ള ഒരു പട്ടുസാരിയും തന്‍െറ വെളുത്ത കൈസഞ്ചിയും മറ്റുമായി ആ കെട്ടിടത്തിലെത്തിയപ്പോള്‍ നേരം പതിനൊന്നു മണിയായിരുന്നു. അത് ഏഴു നിലകളും ഇരുന്നൂറിലധികം മുറികളും വളരെയധികം വരാന്തകളുമുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു. നാല് ലിഫ്‌ടുകളും. ഓരോ ലിഫ്‌റ്റിന്റേയും മുമ്പില്‍ ഓരോ ജനക്കൂട്ടവുമുണ്ടായിരുന്നു. തടിച്ച കച്ചവടക്കാരും തോല്‍സഞ്ചി കൈയ്യിലൊതുക്കിക്കൊണ്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍മാരും മറ്റുംമറ്റും. ഒരൊറ്റ സ്‌ത്രീയെയും അവള്‍ അവിടെയെങ്ങും കണ്ടില്ല. ധൈര്യം അപ്പോഴേക്കും വളരെയധികം ക്ഷയിച്ചു കഴിഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന്റെ അഭിപ്രായം വകവയ്‌ക്കാതെ ഈ ഉദ്യോഗത്തിന് വരേണ്ടിയിരുന്നില്ലയെന്നും അവള്‍ക്കു തോന്നി. അവള്‍ അടുത്തു കണ്ട ഒരു ശിപായിയോടു ചോദിച്ചു.


