Showing posts with label Vellappokkathil. Show all posts
Showing posts with label Vellappokkathil. Show all posts

Sunday, 25 February 2018

വെള്ളപ്പൊക്കത്തില്‍ - തകഴി


നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന്‍ കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ്വത്ര ജലം! നാട്ടുകാരെല്ലാം കര തേടിപ്പോയി. വീട്ടുകാവലിന് ഒരാള്‍, വീട്ടില്‍ വള്ളമുണ്ടെങ്കില്‍ ഉണ്ട്. ക്ഷേത്രത്തിലെ മൂന്നു മുറിയുള്ള മാളികപ്പുറത്ത് 67 കുട്ടികളുണ്ട്. 356 ആളുകള്‍ , പട്ടി, പൂച്ച ആട്, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളും എല്ലാം ഐകമത്യമായി കഴിയുന്നു. ഒരു ശണ്ഠയുമില്ല

ചേന്നപ്പറയന്‍ ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ത്തന്നെ നില്ക്കുന്നു. അവനു വള്ളമില്ല. അവന്റെ തമ്പുരാന്‍ മൂന്നായി, പ്രാണനും കൊണ്ടു കരപറ്റിയിട്ട്. ആദ്യം പുരയ്ക്കകത്തേക്കു വെള്ളം എത്തിനോക്കിത്തുടങ്ങിയപ്പോഴേ മടലും കമ്പുംകൊണ്ടു തട്ടും പരണം കെട്ടിയിരുന്നു. വെള്ളം പെട്ടെന്നിറങ്ങുമെന്നു കരുതി രണ്ടു ദിവസം അതില്‍ കുത്തിയിരുന്നു കഴിച്ചുകൂട്ടി. കൂടാതെ നാലഞ്ചു വാഴക്കുലയും തുറുവും കിടക്കുന്നു. അവിടെ നിന്നും പോയാല്‍ അവയെല്ലാം ആണുങ്ങള്‍ കൊണ്ടുപോകയും ചെയ്യും.
ഇപ്പോള്‍ തട്ടിന്റെയും പരണിന്റെയും മുകളില്‍ മുട്ടറ്റം വെള്ളമുണ്ട്. മേല്‍ക്കൂരയുടെ രണ്ടുവരി ഓല വെള്ളത്തിനടിയിലാണ്. അകത്തു കിടന്നു ചേന്നന്‍ വിളിച്ചു. ആരു വിളികേള്‍ക്കും? അടുത്താരുണ്ട്? ഗര്‍ഭിണിയായ ഒരു പറച്ചി, നാലു കുട്ടികള്‍, ഒരു പൂച്ച, ഒരു പട്ടി ഇത്രയും ജീവികള്‍ അവനെ ആശ്രയിച്ചിട്ടുമുണ്ട്. പുരയ്ക്കു മുകളില്‍ക്കൂടി വെള്ളം ഒഴുകാന്‍ മുപ്പതുനാഴിക വേണ്ടെന്നും, തന്റെയും കുടുംബത്തിന്റെയും അവസാനമടുത്തുവെന്നും അവന്‍ തീര്‍ച്ചപ്പെടുത്തി. ഭയങ്കരമായ മഴ തോര്‍ന്നിട്ടു മൂന്നു ദിവസമായി കൂരയുടെ ഓല പൊളിച്ചു ചേന്നന്‍ ഒരു കണക്കില്‍ പുറത്തിറങ്ങി നാലുചുറ്റിനും നോക്കി. വടക്ക് ഒരു കെട്ടുവള്ളം പോകുന്നു. അത്യുച്ചത്തില്‍ ചേന്നപ്പറയന്‍ വള്ളക്കാരെ കൂകിവിളിച്ചു. വള്ളക്കാര്‍ക്ക്, ഭാഗ്യംകൊണ്ടു കാര്യം മനസ്സിലായി. അവര്‍ വള്ളം കൊട്ടിലിനുനേര്‍ക്കു തിരിച്ചു. കിടാങ്ങളെയും, പെണ്ണാളിനെയും, പട്ടിയെയും, പൂച്ചയെയും പുരയുടെ വാരിക്കിടയില്‍ക്കൂടി ഓരോന്നായി ചേന്നന്‍ വലിച്ചു വെളിയിലിട്ടു. അപ്പോഴേക്കു വള്ളവും വന്നടുത്തു.

കിടാങ്ങള്‍ വള്ളത്തില്‍ കയറിക്കൊണ്ടിരിക്കയാണ്. 'ചേന്നച്ചോ, പുഹേയ്!' പടിഞ്ഞാറുനിന്നരോ വിളിക്കുന്നു. ചേന്നന്‍ തിരിഞ്ഞുനോക്കി. 'ഇങ്ങാ വായോ!' അതു മടിയത്തറ കുഞ്ഞേപ്പനാണ്. അവന്‍ പുരപ്പറത്തു നിന്നു വിളിക്കുകയാണ്. ധിറുതിപ്പെട്ടു പെണ്ണാളിനെ പിടിച്ചു വള്ളത്തില്‍ കയറ്റി. അത്തക്കത്തിനു പൂച്ചയും വള്ളത്തില്‍ ചാടിക്കയറി. പട്ടിയുടെ കാര്യം ആരും ഓര്‍ത്തില്ല. അത്, പുരയുടെ പടിഞ്ഞാറെ ചരുവില്‍, അവിടെയും ഇവിടെയും മണപ്പിച്ചു നടക്കുകയാണ്.

വള്ളം നീങ്ങി; അതകലെയായി.