Showing posts with label T Padmanabhan. Show all posts
Showing posts with label T Padmanabhan. Show all posts

Saturday, 3 March 2018

വീട് നഷ്ടപ്പെട്ട കുട്ടി - ടി പത്മനാഭന്‍


വാതില്‍ ചാരി അമ്മ ധൃതിയില്‍ കോണിപ്പടിയിറങ്ങിപ്പോകുന്ന ശബ്ദം അവന്‍ കേട്ടു. ശബ്ദം കേള്‍ക്കുവാന്‍ വേണ്ടി അവന്‍ കാതോര്‍ത്തു നില്ക്കുകയായിരുന്നില്ല. എങ്കിലും അവന്റെ സമ്മതം കൂടാതെതന്നെ, നോവേല്പിക്കുന്ന ഒരു ചെറിയ മുള്ളുപോലെ ആ ശബ്ദം അവന്റെ മനസ്സില്‍ കടന്നുചെന്നു. അവന്‍ ചുണ്ടു കടിച്ച്, വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ നിശ്ചലനായി, വേദനയടക്കി നിന്നു. വെളിച്ചം പരന്നു തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ഒരു ഞായറാഴ്ച രാത്രിയുടെ ആലസ്യത്തില്‍നിന്ന് കോളനി അപ്പോഴും പൂര്‍ണമായി മുക്തമായിരുന്നില്ല. എങ്കിലും പാല്‍ക്കാരുടെയും ഉന്തുവണ്ടികളില്‍ വില്ക്കാന്‍ കൊണ്ടുവരുന്നവരുടെയും ശബ്ദം അകലെനിന്ന് കേള്‍ക്കാമായിരുന്നു. രാത്രി പെയ്ത മഴയില്‍ നനഞ്ഞു കിടക്കുന്ന മരച്ചില്ലകളില്‍നിന്ന് വണ്ണാത്തിപ്പുള്ളുകള്‍ പാടുന്നുണ്ടായിരുന്നു... സാധാരണയായി എല്ലാ പുലര്‍ച്ചകളിലും വണ്ണാത്തിപ്പുള്ളിന്റെ പാട്ടു കേള്‍ക്കാനായി അവന്‍ ചെവിടോര്‍ത്തു നില്ക്കാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് എന്തോ അവന് ഒരു താത്പര്യവും തോന്നിയില്ല. മൂന്നാമത്തെ നിലയിലുള്ള അവന്റെ ഫ്‌ളാറ്റിലെ കൊച്ചു വരാന്തയില്‍നിന്നു നോക്കിയാല്‍ ലോകം മുഴുവന്‍ കാണാമായിരുന്നു. അകലെയുള്ള കുന്നുകള്‍ കുന്നുകളുടെ ചരിവിലെ കാടുകള്‍, രാവിലെ താഴ്‌വരയിലെ പാടത്തുനിന്ന് ഉയര്‍ന്നുവരുന്ന വെളുത്ത മഞ്ഞ്, മഞ്ഞിന്റെ മറയിലൂടെ പതുക്കെ പ്രഭാതരശ്മികള്‍ കടത്തുന്ന സൂര്യന്‍. ഇതൊക്കെ എന്നും അവനെ ആകര്‍ഷിച്ചുപോന്നിരുന്ന കാഴ്ചകളായിരുന്നു. പക്ഷേ, ഇന്ന് അവന്‍ അതൊന്നും കാണുകയുണ്ടായില്ല. വരാന്തയുടെ അറ്റത്തുള്ള തൂണിന്റെ അരികില്‍ അവന്‍ അസ്വസ്ഥനായി നിന്നു.

Tuesday, 27 February 2018

പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി - ടി. പത്മനാഭന്‍


വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരത്തിലൊന്നിന്റെ ചുവട്ടിലാണ് ഞാനിരിക്കുന്നത്. എന്റെ മുമ്പില്‍ ഇടിഞ്ഞുപൊളിഞ്ഞ ഒരു കോട്ടയാണ് . കടലിലേക്കു തള്ളിനില്ക്കുന്ന ഒരു പാറമേലാണ് കോട്ട. ആര് പണിതുവെന്നോ എപ്പോള്‍ പണിതുവെന്നോ ഒന്നും എനിക്കു നിശ്ചയമില്ല. ഒരുപക്ഷേ, ഈ ഭൂമി ഉണ്ടായനാള്‍ മുതല്‍ക്കേ ഈ കോട്ടയും ഇവിടെ ഉണ്ടായിരിക്കാം. എന്റെ ചെറുപ്പത്തില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. ഇന്നും അങ്ങനെ തോന്നുന്നു.
ഓര്‍മവെച്ച നാള്‍ മുതല്‍ക്കേ ഞാന്‍ ചുറ്റിത്തിരിയാന്‍ തുടങ്ങിയിരിക്കയാണ്. അനുഭവങ്ങളുടെ വിഴുപ്പുഭാണ്ഡവും പേറി ജീവിതത്തിന്റെ ദുര്‍ഗമങ്ങളായ വഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലനാടും കണ്ടു: പലരുമായും ഇടപഴകി . പക്ഷെ, അസ്വസ്ഥമായ എന്റെ മനസ്സിനു സമാധാനം ലഭിച്ചുവോ?
ഇല്ല !
എങ്കിലും ഈ പഴയ നഗരത്തിലേക്കു തിരിച്ചു വരുമ്പോഴോക്കെ എന്തെന്നില്ലാത്ത ഒരാശ്വാസം എനിക്കു ലഭിക്കാറുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ഞാന്‍ വിട്ടുപിരിഞ്ഞ എന്റെ അമ്മയാണ് ഈ നഗരം. ഇവിടത്തെ ഇടുങ്ങിയ തെരുവുകളും വലിയ മൈതാനവും അമ്പലവും പള്ളിയും എല്ലാറ്റിനുമുപരിയായി ഈ ഇടിഞ്ഞു പൊളിഞ്ഞ കോട്ടയും എന്റെ സ്വന്തമാണെന്ന് എനിക്കുതോന്നുന്നു.
ഇവിടത്തെ ഓരോ മണല്‍ത്തരിയും എനിക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് .ഇവിടെ വച്ചാണ് ഞാന്‍ ഒരു കൊല്ലം മുന്‍പ് ഒരു പുതിയ മനുഷ്യനായതും .
മറയാന്‍പോകുന്ന സൂര്യന്റെ രശ്മികള്‍ കാറ്റാടിയുടെ തൂങ്ങിക്കിടക്കുന്ന ചില്ലകളിലൂടെ കടന്നു വരുമ്പോള്‍ ആളുകള്‍ കടല്‍ക്കരയില്‍നിന്നു മടങ്ങുകയായിരുന്നു. കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ഉള്ളവരിലധികവും പ്രായംകൂടിയവരായിരുന്നുതാനും. മഞ്ഞുവീഴുന്നതിനു മുന്‍പേ വീട്ടിലെത്തണമെന്ന നിര്‍ബന്ധത്തോടെയാണ് അവര്‍ നടന്നിരുന്നത്. കഴുത്തില്‍ മഫ്ലര്‍ ചുറ്റിക്കെട്ടി വലിയ ചൂരല്‍വടികള്‍ ചുഴറ്റിക്കൊണ്ട് അവര്‍ എന്നെ കടന്നുപോയി. ചെറുപ്പക്കാര്‍ക്ക് ഒരു ബദ്ധപ്പാടും കണ്ടില്ല. കൈകോര്‍ത്തുപിടിച്ചും, തോളോടുതോളുരുമ്മിയും അവര്‍ പതുക്കെ നടന്നകന്നപ്പോള്‍ എന്തുകൊണ്ട് ഇരുട്ട് വേഗം പരക്കുന്നില്ല എന്ന വിഷാദമേ അവര്‍ക്കുള്ളൂവെന്ന് എനിക്കുതോന്നി.
അവരാരുംതന്നെ എന്നെ ശ്രദ്ധിച്ചില്ല. പക്ഷെ, ഞാന്‍ അവരെ സൂക്ഷിക്കുന്നുണ്ടായിരുന്നു. കുറെ മുമ്പായിരുന്നുവെങ്കില്‍ ഞാന്‍ അവരെ നോക്കി അസൂയപ്പെട്ടേനെ. ഒരു നെടുവീര്‍പ്പോടെ പറഞ്ഞുവെന്നും വരും :
"
ആഹ്ലാദിക്കാന്‍ മാത്രം പിറന്ന ഭാഗ്യശാലികള്‍!"
ആഹ്ലാദം !
എനിക്കു ചിരിവരുന്നു.